Pages

Saturday, November 23, 2013

ലോകാവസാനം



ഈ ലോകം അവസാനിക്കാറായി, അതിനുള്ള തെളിവുകള്‍ കണ്ടുതുടങ്ങി. പിറന്നുവീണിട്ടു മാസങ്ങള്‍ പോലും ആകാത്ത കുട്ടികളില്‍ കാമം തീര്‍ക്കുന്ന കാട്ടാളന്‍മാര്‍, സ്വന്തം മകളില്‍ മക്കള്‍ ഉണ്ടാക്കുന്ന അച്ഛന്‍മാര്‍,  സ്വന്തം സുഖത്തിനുവേണ്ടി മക്കളെ കൊല്ലുന്ന അമ്മ. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊള്ളുന്ന ഭാര്യ, കാമുകിക്കു വേണ്ടി ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവ്, സ്വവര്‍ഗരതി, വര്‍ദ്ധിച്ചുവരുന്ന ആണ്‍ വേശ്യകള്‍. അപകടമരണങ്ങള്‍,
അങ്ങനെ പത്രം തുറന്നാല്‍ ഹൃദയത്തെ നടുക്കുന്ന കേട്ടുകേള്‍വിപോലും ഇല്ലാത്ത വാര്‍ത്തകള്‍. സമ്പല്‍സമൃദ്ധിയുടെ ഒരു നാളെ സ്വപ്നം പോലും കാണാന്‍ കഴിയുന്നില്ല.

Thursday, November 21, 2013

തുറന്ന കുമ്പസാരം - കത്ത്

പ്രിത്വി,

മകനെ പ്രിത്വി, ഈ കത്തു നിന്‍റെ കൈയില്‍ എത്തുന്നതിനു മുന്ന് എന്‍റെ മരണവാര്‍ത്ത നിന്‍റെ കാതുകളില്‍ എത്തിയിട്ടുണ്ടാകും, മരിക്കുന്നതിനുമുന്‍പ്‌ അച്ഛനു നിന്നോട് എല്ലാം തുറന്നു പറയണം, ഞങ്ങള്‍ നിന്നില്‍ നിന്നും ഒരു രഹസ്യം മറച്ചു വച്ചു. നിന്‍റെ ജന്മരഹസ്യം നീ അറിയണം. എനിക്ക് ഒരിക്കലും പിതാവാകാന്‍ കഴിയില്ല,  സമൂഹത്തിന് മുന്നില്‍ എനിക്ക് ആണിന്‍റെ രൂപം ആണെങ്കിലും 30 വര്‍ഷങ്ങള്‍ക്കു മുന്ന് വരെ ഞാന്‍ സ്ത്രീ ആയിരുന്നു

നിന്‍റെ അമ്മ, എന്‍റെ സാവിത്രി ഞങ്ങള്‍ ഡിഗ്രീ ഒരുമിച്ചായിരുന്നു, ഞങ്ങളുടെ ജീവിതത്തിലെ വസന്തകാലം ആയിരുന്നു ആ കലാലയ ജീവിതം, ഒരേ ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ചു, തിന്നുന്നതും ഉറങ്ങുന്നതും ഒരുമിച്ചു, ഞങ്ങള്‍ക്ക് പിരിയാന്‍ വിഷമം കാരണം പിന്നെയും ആ കോളേജില്‍ ഡിഗ്രീക്കു ചേര്‍ന്നു, 6 വര്ഷം ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചു ഒരേ മുറിയില്‍ ഒരിക്കല്‍ പോലും വഴക്കുകൂടിയിട്ടില്ല. വീട്ടില്‍ വിവാഹാലോചന ശക്തമായപ്പോള്‍, ഞാന്‍ പറഞ്ഞു എനിക്ക് സാവിത്രിയോടൊപ്പം  ജീവിച്ചാല്‍ മതി, അവള്‍ക്കും അങ്ങനെ തന്നെ പിരിയാന്‍ വയ്യ.  സ്തീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത്‌ എല്ലാവര്ക്കും  അംഗീകരിക്കാന്‍ വിഷമം ആയിരുന്നു. ഒരു ദിവസം ഞങ്ങള്‍ വീടുവിട്ടു ഇറങ്ങി.
ഒരു ആണ്‍തുണ ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് എന്നു മനസിലാക്കിയപ്പോള്‍ ഞാന്‍ എന്‍റെ സ്ത്രീരൂപം ഉപേക്ഷിച്ചു. ഞാന്‍ ഒരു ആണായി, ശാസ്ത്രം എന്നെ ആണാക്കി മാറ്റി. ഞങ്ങള്‍ വിവാഹം കഴിച്ചു മറ്റുള്ളവരെ പോലെ ഭാര്യഭര്‍ത്താക്കന്‍മാരായി  സമൂഹത്തില്‍ ജീവിച്ചു ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. ഒരു അമ്മയാവാന്‍ സാവി കുറെ ആശിച്ചു പക്ഷെ എനിക്ക് അച്ഛനാകാന്‍ കഴിവില്ല എന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ വീണ്ടും ശാസ്ത്രത്തിന്‍റെ സഹായം തേടി artificial insemination മറ്റൊരാളുടെ ബീജം നിന്‍റെ അമ്മയില്‍ നിക്ഷേപിച്ചു. നിന്‍റെ അമ്മ പ്രസവിച്ചു ഈ ലോകം ഞങ്ങള്‍ക്കു നേരെ നേടിയ ഓരോ വെല്ലുവിളിയും ഞങ്ങള്‍ ചാടി കടന്നു.
പക്ഷേ ഞങ്ങളുടെ കാലുകള്‍ ഇടറിയത്, കാലം  ഞങ്ങള്‍ക്കുവേണ്ടി കരുതിവച്ച കാന്‍സര്‍ എന്ന മഹാമേരു മുന്നിലായിരുന്നു. നിന്‍റെ അമ്മ മരിക്കുന്നതിനു മുന്‍പ് എന്നോട് പറഞ്ഞത് നിന്നെ എല്ലാം അറിയിക്കണം. നീ എപ്പോള്‍ വലുതായി നിനക്കു  ഭാര്യയായി, കുട്ടികളായി . എല്ലാം മനസിലാക്കുന്ന പ്രായം ആയി.
മോക്ഷം തേടി നിന്‍റെ അമ്മയുടെ ചിതാഭസ്മവും എന്‍റെ ശരിരവും ഈ ഗംഗാനദിയിലേക്കു സമര്‍പ്പിക്കുന്നു

എന്ന്

ചാരുലത

Wednesday, November 20, 2013

ബിരിയാണി

‪#‎bavish‬

“ മുത്തശ്ശി നമുക്ക് ബിരിയാണി കഴിക്കാന്‍ പറ്റുമോ ….” സ്കൂള്‍ വിട്ടു വന്നിട്ട് മുത്തശ്ശിയോട് ചോദിച്ചു 
“ ഇതെന്താ ഇന്നുഇങ്ങനെ ഒരു ചോദ്യം …..”
“പറ്റുമോ … അതുപറ …..”
“പച്ചക്കറി ബിരിയാണി കഴിച്ചോ ……”
“അപ്പൊ കോഴി ബിരിയാണി …”
“ശിവ ശിവ …. നമ്മള്‍ക്കു മാംസാഹാരം പാടില്ല എന്നു ഉണ്ണിക്കറിഞ്ഞുകൂടെ .. നിന്‍റെ അച്ഛന്‍ കേള്‍ക്കണ്ട നല്ല തല്ലു കിട്ടും ……”

മുഖം വാടി … അടുക്കളയില്‍ ചെന്ന് അമ്മയോടായി പിന്നെ
“എന്താ ചെക്കാ … നിനക്ക് ബിരിയാണി കൊതി .. ഇതു എവിടെനിന്നാ ..”
“അമ്മാ ഇന്നു റംസാന്‍ സ്കൂളില്‍ വന്നപ്പോള്‍ ബിരിയാണി കൊണ്ട് വന്നിരുന്നു, അവന്‍ എല്ലാവര്ക്കും കൊടുത്തു …എനിക്കു തന്നപ്പോ ഞാന്‍ പറഞ്ഞു വേണ്ടാ കഴിക്കാന്‍ പാടില്ല … അപ്പൊ അവന്‍ ചോദിച്ചു നമ്പൂരികുട്ടി കോഴികഴിക്കണ്ട അതിലെ ചോറ് കഴിച്ചോ …”
“എന്നിട്ട് നീ കഴിച്ചോ ….”
“‘ഇല്ല അമ്മേ …..” ദോശ ചമന്തിയില്‍ മുക്കി തിന്നു കൊണ്ട് പറഞ്ഞു

വൈകുന്നേരം അച്ഛന്‍റെ കാതില്‍ എത്തിയെങ്കിലും ഒന്നും പറഞ്ഞില്ല

പിന്നെ അച്ഛനു വീണ്ടും കോഴിക്കോടുനിന്നും ഞങ്ങളുടെ നാട്ടിലേക്കു മാറ്റം കിട്ടി . പാലക്കാട്ടേക്ക് … അച്ഛന്‍റെ ആഗ്രഹപ്രകാരം മലയാളം മാഷായി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അദ്ധ്യാപകന്‍ … ആദ്യപോസ്റ്റിങ്ങ്‌ അച്ഛന്‍ പഠിപ്പിച്ച കോഴിക്കോട് സ്കൂളില്‍ … അവിടെ വച്ചാണ് അവളെ കണ്ടത് … സല്‍മ … അവിടത്തെ ചരിത്രം അദ്ധ്യാപിക …
പ്രണയിച്ചപ്പോള്‍ ജാതിയും മതവും ഇല്ലായിരുന്നു … പക്ഷെ വിവാഹം കഴിഞ്ഞപ്പോള്‍ ജാതിയും മതവും ആയിരുന്നു പ്രധാന ശത്രുക്കള്‍ …
വീട്ടുകാരും സമുദായവും ഞങ്ങളെ ഒറ്റപെടുത്തി … അപ്പോളും പ്രണയിച്ച പെണ്ണിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു …

അവള്‍ എനിക്ക് വിളമ്പി സ്നേഹത്തിന്‍റെ ബിരിയാണി … ഒരു ബിരിയാണി കഴിക്കാന്‍ ആഗ്രഹിച്ചതിനു വേദനിച്ച മനസ്സിനു കാലം കരുതിവച്ചത്‌ ജീവിതകാലം മുഴുവന്‍ സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ രുചിയുള്ള ബിരിയാണി

കാലം കഴിയുംതോറും മതവിശ്വാസങ്ങളും സങ്കല്‍പ്പങ്ങങ്ങളും ക്ഷയിച്ചു … അവയൊക്കെ ചിതലരിച്ചു പോയി …..

Monday, November 11, 2013

ഇന്നു എന്‍റെ പിറന്നാള്‍

തുലാമാസത്തിലെ ചതയം നക്ഷത്രം…. അങ്ങനെ ആര്‍ക്കും അറിയില്ല .. ഇന്നു എന്‍റെ പിറന്നാള്‍ …..
കഴിഞ്ഞ വര്‍ഷം ഞാന്‍ പിറന്നാള്‍ ആഘോഷിച്ചത് അമ്മയുടെയും അനിയന്‍റെയും കൂടെ ആയിരുന്നു .. ഈ വര്‍ഷം അച്ഛന്‍റെ കൂടെ പേര്‍ഷ്യയില്‍ ….
എല്ലാവര്‍ക്കും ഉണ്ടാകും കുറെ പിറന്നാള്‍സ്മരണകള്‍ ….
തലേദിവസം മിട്ടായി കൊണ്ട് വരുന്നതും കത്ത് ഇരുന്നത്, മിട്ടായി എണ്ണി സ്കൂളിലേക്ക് കൊണ്ടുപോകാന്‍ ഉള്ളത് മാറ്റി വയ്ക്കുന്നത് … കുറച്ചു ആരും കാണാതെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കു മാത്രം കൊടുക്കാന്‍, കുറച്ചു പ്രിയപ്പെട്ട ടീച്ചര്‍ക്ക്‌ കൊടുക്കാന്‍ ….കാലത്ത് അമ്മയുടെ കൈയില്‍ നിന്നും കിട്ടുന്ന ഉമ്മ.. കാലത്ത് കുളിച്ചു അമ്പലത്തില്‍ പോകാന്‍ തിടുക്കം കാണിക്കുന്നത് .. പുതിയ കളര്‍ ഡ്രസ്സ്‌ ഇട്ടു സ്കൂളില്‍ പോകുന്നത്…. ടീച്ചര്‍ ഹാജര്‍ വിളിച്ചു കഴിയാന്‍ കാത്തിരിക്കുന്നത്…. മിട്ടായി കൊടുക്കുമ്പോള്‍ എല്ലാവരും happy birthday പറഞ്ഞു കൈഅടിക്കുന്നത് … ഒരു മിട്ടായി കൂടെ ചോദിച്ചു പിന്നാലെ വരുന്ന കൂട്ടുകാര്‍ … പിറന്നാള്‍ ദിവസം എന്ത് തെറ്റുചെയ്താലും ടീച്ചര്‍ തല്ലില്ല ..….വൈകുന്നേരം  വീട്ടില്‍ വരുമ്പോള്‍ അടുപ്പത്തു തിളച്ചുകൊണ്ടിരിക്കുന്ന ശര്‍ക്കര പായസം …. അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍ മനസില്‍ ഇങ്ങനെ തളം കെട്ടികിടക്കുന്നു …. അന്നൊക്കെ തോന്നിയിരുന്നു എത്രയും പെട്ടന്നു വലുതായാല്‍മതി … പക്ഷെ എപ്പോള്‍ തോന്നുന്നു വലുതാകണ്ടായിരുന്നു …. എന്നും കുട്ടിയായി ഇരുന്നാല്‍ മതി ആയിരുന്നു ...

8.Nov   നു date of birth ആഘോഷിച്ചിരുന്നു ….

ഇനിയും ഒരുപാടു ചന്ദ്രോത്സവങ്ങള്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു ....

Sunday, November 10, 2013

ആ മനുഷ്യനെ ഞാന്‍ വീണ്ടും കണ്ടു … എന്‍റെ മുഖത്ത് ആദ്യമായി ചായം തേച്ച മനുഷ്യനെ …. ഇപ്പോള്‍ എന്‍റെ മുന്നില്‍ ഒരു യാചകന്‍റെ രൂപത്തില്‍… എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കൊടുത്ത പണം വാങ്ങാന്‍ മടിച്ചു ….

മുഖത്ത് കുറെ  പൌഡറും, ചുണ്ടില്‍ ചുവന്ന ചായവും തേച്ചു ആ കാപാലികന്‍റെ  മുറിയിലേക്ക് കയറ്റി വാതില്‍ ചാരുമ്പോള്‍ അയ്യാള്‍  പറഞ്ഞ വാക്കുകള്‍ ഇപ്പോളും ഓര്‍മ്മ ഉണ്ട് “എല്ലാം നിന്‍റെ നല്ലതിനു വേണ്ടി അല്ലെ മോളെ “ പതിനെഴു വയസ്സുകാരിയുടെ നിസ്സാഹായവസ്ഥ ആരും കണ്ടില്ല .. എല്ലാവര്ക്കും ഞാന്‍ ഒരു മാംസപിണ്ഡം ആയിരുന്നു …. ആര്‍ത്തിപൂണ്ട കഴുകന്‍മാരെ പോലെ എല്ലാവരും എനിക്കു ചുറ്റും പറന്നു നടന്നു ….   
ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നു… പേരും നാടും മാറ്റി .. സമൂഹത്തില്‍ ഇപ്പോള്‍ ഞാന്‍ നല്ലവള്‍ ആണു എന്‍റെ കൈയിലെ പണം എന്‍റെ ശരീരത്തിലെ  അഴുക്കുകള്‍ കഴുകികളഞ്ഞു ….

Saturday, November 9, 2013

കല്‍പകത്തുണ്ടുകള്‍

എന്‍റെ സ്നേഹിതന്‍റെ അനുഭവം എന്‍റെ വാക്കുകളിലൂടെ ….

ഈ വര്‍ഷ സ്കൂള്‍കലാമേളക്ക് ഉണ്ണികൃഷ്ണനു  തബലയില്‍ എ ഗ്രേഡ്ടോട് കൂടി ഒന്നാംസ്ഥാനം …. അച്ഛന്‍ ഈ വാര്‍ത്ത‍ മാതൃഭൂമി പത്രത്തില്‍ നിന്നും വെട്ടി എടുത്തു ആല്‍ബത്തില്‍ ഒട്ടിക്കുമ്പോള്‍ മകനെ കുറിച്ച് അച്ഛന്‍ കണ്ടസ്വപ്നങ്ങള്‍ പൂവണിഞ്ഞ വികാരം ആയിരുന്നു ആ  മുഖത്ത്. ഓരാതവണ ജയിച്ചു വരുമ്പോളും അച്ഛന്റെയും അമ്മയുടെയും സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതായിരുന്നു

സ്കൂള്‍ പ്രിന്‍സിപ്പല്‍ന്‍റെ കൈയില്‍ നിന്നും ആ സമ്മാനം എറ്റുവാങ്ങുമ്പോള്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു …. … എന്‍റെ ഈ നേട്ടം എന്‍റെ അച്ഛനും അമ്മയ്ക്കും എന്‍റെ മാഷിനും  പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച എന്‍റെ കൂട്ടുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു എന്നു മൈക്കില്‍ കൂടി പറഞ്ഞപ്പോള്‍ കിട്ടിയ കൈയടി, ഒരു പക്ഷെ എനിക്കു കിട്ടിയ അഗികാരത്തെക്കാളും വലുതായിരുന്നു. സന്തോഷം കൊണ്ടാകാം കണ്ണുകള്‍ ഒന്നു നിറഞ്ഞു … അന്നു അഭിനധന പ്രവാഹം ആയിരുന്നു. ഉച്ചഭക്ഷണ  ഇടവേളകളില്‍ വരാന്തയിലും കോണിപ്പടിയിലും വച്ച്  കൂട്ടുകാരുടെ വക …

ആന്നു വൈകുന്നേരം ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഹരി സര്‍ പറഞ്ഞു “ഉണ്ണികൃഷ്ണാ  നമ്മുടെ നാട്ടില്‍  നടക്കുന്ന കൊണ്ടിരിക്കുന്ന  സംസാരിക കലാമേള തനിമയില്‍ നാളെ  നിനക്ക് പെര്‍ഫോം ചെയ്യാന്‍ ഒരു അവസരം നമ്മുടെ ഇംഗ്ലീഷ് അദ്ധ്യാപിക ബേബി അതിലെ സഘാടക ആണ്. ഞാന്‍ പറഞ്ഞിട്ടുണ്ട്.. നാളെ വൈകിട്ട് ആണ് പ്രോഗ്രാം … നീ നാളെ സ്കൂള്‍ ലീവ് എടുത്തോ …   ഇന്ന് വൈകുന്നേരം ടീച്ചറെ ഒന്നു ഫോണില്‍ വിളിച്ചേക്കു ….”
എനിക്ക് എന്താന്നില്ലാത്ത സന്തോഷം… തനിമ പോലെ ഉള്ള വേദിയില്‍ പെര്‍ഫോം ചെയുക തന്നെ വലിയ കാര്യം ആണ് അതും നാളെ … പ്രാക്ടീസ് ചെയ്യാന്‍ പോലും സമയം ഇല്ല … യുവജനോത്സവത്തിനു വേണ്ടി തിരുവനന്തപുരം വരെ പോയിവന്ന ക്ഷീണം ഉണ്ട് … അതൊന്നും കാര്യമാക്കിയില്ല … തനിമ എന്നു കേട്ടപ്പോള്‍ തന്നെ ഉഷാര്‍ ആയി …നാട്ടിലെ ഏറ്റവും വലിയ സംസാരിക കലാമേള അത് കാണാന്‍ ഒരുപാടു പേര്‍ .. സംസാരിക നായകന്മാര്‍ , സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ , പിന്നെ പരിപാടി കാണാന്‍ വന്‍ ജനരോഷം തന്നെ ഉണ്ടാകും
 സ്കൂളില്‍ എല്ലാവരോടും പറഞ്ഞു നാളെ വൈക്നേരം എന്‍റെ പ്രോഗ്രാം ഉണ്ട് തനിമക്ക് എല്ലാവരും വരണം ….

വിവരം അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷം ആയി ബന്ധുക്കളെയും എല്ലവരെയും വിളിച്ചു വിവരം പറഞ്ഞു …. അന്നു രാത്രി കുറച്ചുനേരം തബല വായിച്ചു … ക്ഷീണം കാരണം നേരത്തെ ഉറങ്ങി .. രാവിലെ അമ്മ വിളിച്ചു എഴുന്നേല്‍പ്പിച്ചു നല്ല പനി ഉണ്ടായിരുന്നു  .. യാത്രക്ഷീണം എന്‍റെ ശരീരത്തെ തളര്‍ത്തി ..പക്ഷെ എന്‍റെ വിരലുകളെ തളര്‍ത്താനായില്ല … ഞാന്‍ നന്നായി പ്രാക്ടീസ് ചെയ്തു …. ഞാന്‍ വായിക്കുമ്പോള്‍ തനിമ കാണാന്‍  സ്റ്റേജ്നു മുന്നില്‍  ഉണ്ടാകുന്ന ജനകൂട്ടം ആയിരുന്നു മനസു നിറയെ എന്‍റെ വിരലുകള്‍ തളരാതെ തബലയില്‍ ഓടിനടന്നു …
വൈകുന്നേരം ഒരു ആറു മണി ആയപ്പോള്‍ ഞാന്‍ തനിമ നടക്കുന്ന വേദിയില്‍ എത്തി എന്‍റെ കൂടെ അച്ഛന്‍ അമ്മ ചേച്ചിമാര്‍ പിന്നെ എന്‍റെ മാഷ്‌  കുറെ കൂട്ടുകാര്‍ കുറെ ബന്ധുക്കള്‍ അങ്ങനെ എന്നെ സ്നേഹിക്കുന്ന  ഒരുപാടു പേര്‍ ….
സ്റ്റേജ്നു പുറകില്‍  ബേബി ടീച്ചര്‍ ഉണ്ടായിരുന്നു .. ഞാന്‍ ടീച്ചറെ പോയി കണ്ടു സംസാരിച്ചു …
എന്‍റെ പ്രോഗ്രാം എപ്പോള്‍ ആണ് …
ടീച്ചര്‍ ചോദിച്ചു നിന്‍റെ പ്രോഗ്രാം ലിസ്റ്റില്‍ ഇല്ലാലോ ..
ഷോക്ക്‌ ഏറ്റപോലെ ആയി ….. ആ ഷോക്ക്‌ എനിക്ക് താങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല ... പിന്നെ ഞാന്‍ എന്തൊക്കെയോ സംസാരിച്ചു ഹരി സര്‍ ആണ് പറഞ്ഞെ എന്നൊക്കെ … എനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുണ്ടയിരുന്നില്ല … വേറെയും കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു അവരുടെ മുഖത്തെ പരിഹാസം എന്നെ തളര്‍ത്തി … അപ്പോള്‍ തനിമയുടെ  അവിടേക്ക് മുഖ്യസഘാടകന്‍ ഇടവേള ബാബു സര്‍ കടന്നുവന്നു .. അദ്ദേഹം പറഞ്ഞു
“നോക്കു ഉണ്ണികൃഷ്ണാ ഇതുവരെ ഞങ്ങള്‍ ചാര്‍ട്ട് ചയ്ത പരിപാടിയില്‍ തന്‍റെ പേരില്ല … പിന്നെ എങ്ങനെയാണ് ശരിയാകാ …. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല … പ്രോഗ്രാം ഇപ്പോള്‍ തന്നെ വൈകി ….”
എനിക്കു എന്തു പറയണം എന്ന് അറിയാതെ ഞാന്‍ ഇരുന്നു പോയി …. എന്‍റെ പരിപാടി കാണാന്‍ കാത്തിരിക്കുന്നവരോട് ഞാന്‍ എന്തു ഉത്തരം പറയും … എന്‍റെ തല കറങ്ങുന്ന പോലെ തോന്നി … അപ്പോള്‍ ആണ് സനി എന്നെ അനേഷിച്ചു സ്റ്റേജ്നു പുറകില്‍ വന്നത് .. അവന്‍ എന്തൊക്കെയോ എന്നോടു സംസാരിച്ചു .. എനിക്കു ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല … ഞാന്‍ പറഞ്ഞു പരിപാടി നടക്കില്ല .. നീ ഒരു ഓട്ടോ വിളിച്ചു താ ഞാന്‍ വീട്ടില്‍ പോകുന്നു… അച്ഛനും അമ്മയും അവിടെ ഉണ്ട് നീ അവരോടു കാര്യം പറ …..
ഒരു ഓട്ടോയില്‍ ഞാന്‍ വീട്ടില്‍ എത്തി … മനസില്‍ തനിമയുടെ വേദി സങ്കല്‍പ്പിച്ചു കൊണ്ട് അവിടെ ഇരുന്നു  ഞാന്‍  തബല വായിച്ചു … അച്ഛന്‍ വന്നു എന്‍റെ കൈകള്‍ പിടിക്കുന്ന വരെ

എന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക 

Thursday, November 7, 2013

നൊസ്റ്റാള്‍ജിയ

#bavish

“എന്‍റെ മോന്‍ ഇന്നത്തെ പണി കഴിഞ്ഞു വരുവല്ലേ … കുളിച്ചു വന്ന വല്ലതും തിന്നാം തരാം “വൈകുന്നേരത്തെ ഫുട്ബോള്‍ കളികഴിഞ്ഞ് സൈക്കിള്‍ ചവിട്ടി ക്ഷീണിച്ചു വരുമ്പോള്‍ അമ്മയുടെ കമന്റ്
കളികഴിഞ്ഞു വരുമ്പോള്‍ വടക്കേപുറത്തു അടുപ്പില്‍ വെള്ളം ചൂടാക്കി ഇട്ടിടുണ്ടാകും … നല്ല തിളച്ച വെള്ളം ബക്കറ്റിലേക്ക് ഒഴിച്ച് കുളിമുറിയില്‍ കൊണ്ടുവച്ചു ചന്ദ്രിക സോപ്പ് ഇട്ടു തേച്ചുകുളി .. ചൂടു വെള്ളം വീഴുമ്പോള്‍ കളിച്ചിട്ടു പൊട്ടിയ സ്ഥലങ്ങള്‍ നീറും ….
പിന്നെ അടുക്കളയില്‍ അമ്മ ചോറു ഊറ്റുന്നുണ്ടാകും അവിടെ ചെന്ന് ഇരുന്നാല്‍ നല്ല സ്റ്റീല്‍ കിണ്ണത്തില്‍ അപ്പൊ ഊറ്റിയ കഞ്ഞി ചൂട്ടോടെ ഒഴിച്ചു തരും .. കൂടെ നല്ല കാന്താരി മുളകും ഉള്ളിയും ഉണക്കപുളിയും ഇട്ടു തിരുമ്മിയ ചമന്തി … ചിലപ്പോ കപ്പയോ മുതിരയോ ഉണ്ടാകും …. നല്ല ചൂട്ടോടെ കഞ്ഞി വരി തിന്നുമ്പോള്‍ ഒരു പ്രത്യേക ടേസ്റ്റ് ആണ് ആ ടേസ്റ്റ് ഒരു KFC ക്കും തരാന്‍ പറ്റില്ല. ചിലപ്പോ ചൂട് കഞ്ഞിയില്‍ കൈമുക്കുമ്പോള്‍ കൈ ഒന്നു പൊള്ളും …. ഹോ .. ചിലപ്പോ എരിവു ശിരസില്‍ തട്ടി എക്കിള്‍ വരുമ്പോള്‍ അമ്മ തലയില്‍ തട്ടികൊണ്ട് പറയും … “കഴിക്കാന്‍ ഇരിക്കുമ്പോ ഒരു ഗ്ലാസ്‌ വെള്ളം അടുത്ത്കൊണ്ടു വച്ചൂടെ കണ്ണാ …”
 —

Tuesday, November 5, 2013

alhamdulillah ….. I Got driving license …..

ഹൊ …. ഇനി ശരിക്കും ഒന്നു ആശ്വസിക്കാം  …
ഇന്നലെ കിടന്നപ്പോ ശരിക്കും ഉറക്കം വരുന്നുണ്ടായില്ല … നാളെ ഡ്രൈവിംഗ് ടെസ്റ്റ്‌ ഉണ്ട് ഇതും കൂട്ടി  ആറാമത്തെ ആണ് … കൈയില്‍ നിന്നും പൈസ ആവഴിക്കു കുറെ ആയി പോകുന്നു  .. എന്‍റെ മുഖം കണ്ടപ്പോ അച്ഛന്‍ പറഞ്ഞു ടെന്‍ഷന്‍ അടിക്കണ്ട ഇതില്‍ പോയ അടുത്തത് ശ്രമിക്കാം … കല്ലിവല്ലി … അച്ഛന്‍ അങ്ങനെയാ …he always make me positive… . കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരുന്നേയില്ല …. ഇടക്കു ഉറങ്ങിപ്പോയി പെട്ടന്ന് എന്തോ സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു …. പിന്നെ ഉറക്കം വരാതായപ്പോള്‍ മൊബൈലില്‍ പാട്ടുകേട്ട് … ഇടക്ക് എന്തോ ചിരല്‍ വാരി എറിയുന്ന പോലെ  ശബ്ദം കേട്ടു നോക്കിയപ്പോള്‍ പുറത്തു മഴ പെയുന്നു ….ചൂടിനു ശേഷം ഉള്ള ആദ്യത്തെ മഴ … കുറെ നേരം മഴ ആസ്വദിച്ചു കിടന്നു .. കുറെ ടെന്‍ഷന്‍ അങ്ങനെ മാറി ഞാന്‍ സുഖമായി ഉറങ്ങി …..
കാലത്ത് ടെസ്റ്റ്‌നു പോയി ….. എല്ലാവരുടെയും പ്രാര്‍ത്ഥന .. ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി …… അച്ഛനും സന്തോഷമായി …. ഇന്നലെ അമ്മ ചോദിച്ചേ ഉള്ളു പിറന്നാളിനു എന്തു സമ്മാനമാണ് വേണ്ടേ …. അതു ഇപ്പോ ശരിയായി …

എനിക്ക് വേണ്ടി പെയ്ത മഴ .. എന്നേ തേടി ഈ മരുഭൂമിയില്‍ വന്നു … പിശുക്കന്‍റെ ദാനം പോലെ  മരുഭൂമിയിലെ മഴ ….

i have to say one more word YahoOoOoOoOoOoOooooooooo!!!!!!!

Sunday, November 3, 2013

നിഴല്‍

#bavish

ഭ്രാന്തന്‍ …..ഭ്രാന്തന്‍… ഭ്രാന്തന്‍…
ആ വിളികേള്‍ക്കുമ്പോള്‍ തന്നെ മനസിലെ ധൈര്യം എല്ലാം ചോര്‍ന്നു പോകും
എനിക്കു ഭ്രാന്തില്ല എന്നു ഉറക്കെ വിളിച്ചു പറയും അത് കേട്ടു ചുറ്റും കൂടിയവര്‍ ചിരിക്കും … അപ്പൊ തോന്നും എനിക്കാണോ അതോ എന്‍റെ ചുറ്റുംകൂടിയവര്‍ക്കോ ഭ്രാന്ത് … അല്ല എനിക്ക് തന്നെ അതു കൊണ്ടാണല്ലോ പൊട്ടിയ ചങ്ങല എപ്പോളും എന്‍റെ കാലില്‍ കിടക്കുന്നത്. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചു ചിരിക്കുന്നവന്‍ ആ ചിരികിലുക്കം ചെവിയില്‍ ഭ്രാന്തന്‍ ഭ്രാന്തന്‍ എന്നു മുഴങ്ങികൊണ്ടിരിക്കും , അവന്‍ ചിലപ്പോള്‍ കാലിലെ വ്രണത്തില്‍ കുത്തി നോവിക്കും.
വലിച്ചെറിയുന്ന ഭക്ഷണപൊതിയും പിന്നെ എന്‍റെ നിഴലും മാത്രമാണ് എനിക്ക് കൂട്ട് .. എനിക്ക് ഇരുട്ടിനെ പേടിയാണ് … ഇരുട്ടില്‍ ഞാന്‍ ഒറ്റക്കാണ് എന്‍റെ നിഴല്‍ പോലും ഇരുട്ടില്‍ ഓടി ഒളിക്കും ..എനിക്ക് എന്‍റെ നിഴലിനെ ഇഷ്ട്ടം ആണ്, നിഴല്‍ സംസാരിക്കാത്തതു കൊണ്ടാകാം ഇത്രയും ഇഷ്ട്ടം … നിഴല്‍ സംസാരിച്ചാല്‍ ചിലപ്പോ എന്നെ ഭ്രാന്തന്‍ എന്നു വിളിക്കാന്‍ ഒരാള്‍ കൂടി ആകും .. ഞാന്‍ എന്‍റെ നിഴലിനോട്‌ സംസാരിക്കും
നീ എന്തിനാ എന്‍റെ കൂടെ നടക്കുന്നത് …ഈ ഭ്രാന്തനെ ചുമക്കാന്‍ നാണമില്ലേ….. ഈ ഭ്രാന്തന്‍റെ കൂടെ നടന്നു നിന്നെയും ആളുകള്‍ വിളിക്കും "ഭ്രാന്തന്‍റെ നിഴല്‍".