Pages

Sunday, October 20, 2013

കുഞ്ഞുമാലാഖ-

മുല്ലപ്പൂ കൊണ്ട് മാല കെട്ടുന്ന തിരക്കിലാണു അവള്‍. അവള്‍ അമ്മക്കു മാല കെട്ടികൊടുക്കുന്നത് പതിവാണ്. പൂ പറിക്കാന്‍ പോകുന്നതും മാല കെട്ടുന്നതും അവള്‍ തന്നെ എന്തിനാ എന്നും മാല കെട്ടുന്നത് എന്നു ചോദിച്ചാല്‍ അമ്മക്കു മുല്ലപൂവിന്‍റെ സുഗന്ധം ആണ് എന്നായിരിക്കും മറുപടി. നിന്‍റെ അമ്മക്കു മുല്ലപ്പൂവിന്‍റെ നിറം കൂടി ആണ് എന്ന് പലരും പറഞ്ഞു അവള്‍ കേട്ടിട്ടുണ്ട്. അതു കേള്‍ക്കുമ്പോള്‍ അവള്‍ ചിരിക്കും. ഒരിക്കലും വെളിച്ചം കണ്ടിട്ടില്ലാത്ത ആ കണ്ണുകളില്‍ അമ്മയുടെ മുഖം അവള്‍ സങ്കല്‍പ്പിക്കും. പക്ഷെ ആ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന കാമം തിരിച്ചറിയാനുള്ള പ്രായം  അന്ധയായ ആറുവയസ്സുകരിക്കു ആയിട്ടില്ല. രണ്ടു വയര്‍ നിറക്കാന്‍ ശരീരം വിറ്റ് ജീവിക്കുന്ന അമ്മയെയും അവള്‍ക്കു കാണാന്‍ പറ്റുന്നില്ല . ഈ കറുത്ത മനസുള്ള മനുഷ്യര്‍ ജീവിക്കുന്ന ലോകം കാണണ്ട എന്നു ദൈവം കരുതികാണും. അവളുടെ  സങ്കല്‍പത്തില്‍ മുല്ലപൂവിന്‍റെ സുഗന്ധവും നിറവും ഉള്ള മാലാഖമാരെ പോലെ ആണ് അമ്മ . ഒരിക്കല്‍ അമ്മയോട് അച്ഛനെ കുറിച്ച് ചോദിചപ്പോള്‍ അമ്മ കരയുകയാണ് ചെയ്തത് . അമ്മ കരഞ്ഞാല്‍ ആ കുരുന്നു മനസുവേദനിക്കും. പിന്നെ അവള്‍ അച്ഛനെ കുറിച്ചു ചോദിചിട്ടില്ല.
മാല കെട്ടി കഴിഞ്ഞു, അമ്മയുടെ തലയില്‍ വച്ചുകൊടുത്തിട്ടു അവള്‍ ചോദിച്ചു ഇന്നു അമ്മ ജോലിക്ക് പോകുന്നില്ലേ, ഇല്ല .. നാളെ നിന്‍റെ അച്ഛനെ കാണാന്‍ കൊണ്ടുപോകാം എന്ന് പറഞ്ഞു അമ്മയുടെ ശബ്ദം ഇടറിയിരുന്നു. രാത്രി ചോറുവാരികൊടുക്കുമ്പോളും അമ്മ കരയുന്നുണ്ടായിരുന്നു. ആ രാത്രി അവള്‍ ഒരു സ്വപ്നം കണ്ടു .. അമ്മ പറഞ്ഞു തരാറുള്ള കഥയിലെ പോലെ നക്ഷതകൂട്ടങ്ങളില്‍ നിന്നും  വെളുത്ത കുതിരകളെ കെട്ടിയ തേരില്‍ മാലാഖമാര്‍  താഴേക്ക്‌ വരുന്നു. അവര്‍ അവളെയും അമ്മയും ആ തേരില്‍ കയറ്റി ഇരുത്തി ആകാശത്തേക്ക് പറന്നു പോയി.

No comments:

Post a Comment